BREAKING NEWS
National News

728x90

header-ad

468x60

header-ad

Featured

featured
Showing posts with label National News. Show all posts
Showing posts with label National News. Show all posts

കാലടി സംസ്കൃത സര്‍വകലാശാല വിദ്യാര്‍ഥികളുടെ സസ്പെൻഷൻ ഹൈക്കോടതി റദ്ദാക്കി; അന്വേഷണ റിപ്പോര്‍ട്ടും തള്ളി

 


കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വിദ്യാർഥി സമരവുമായി ബന്ധപ്പെട്ട് 16 വിദ്യാർഥികള്‍ക്കെതിരെ സ്വീകരിച്ച സസ്പെൻഷൻ നടപടി കേരള ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ അധ്യക്ഷനായ ബെഞ്ചാണ് സർവകലാശാലയ്ക്ക് കനത്ത തിരിച്ചടിയാകുന്ന സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.വിദ്യാർഥികള്‍ക്കെതിരെ സർവകലാശാല നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോർട്ട് കോടതി പൂർണമായും തള്ളി. വിഷയത്തില്‍ സർവകലാശാലയ്ക്ക് വേണമെങ്കില്‍ പുനരന്വേഷണം നടത്താമെന്ന് വ്യക്തമാക്കിയ കോടതി, അന്വേഷണം നടക്കുന്ന കാലയളവില്‍ വിദ്യാർഥികളെ സസ്പെൻഡ് ചെയ്യാൻ പാടില്ലെന്നും കർശന നിർദേശം നല്‍കി. സസ്പെൻഷൻ റദ്ദായതോടെ വിദ്യാർഥികള്‍ക്ക് പരീക്ഷ എഴുതുന്നതിനുള്ള തടസ്സം നീങ്ങി. ആറാഴ്ചയ്ക്കുള്ളില്‍ ഇവർക്കായി പ്രത്യേക പരീക്ഷ നടത്തണമെന്നും, അതിന് അച്ചടക്ക നടപടിയോ ശിക്ഷാവിധിയോ തടസ്സമല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. സർവകലാശാലയിലെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ സമരം ചെയ്തതിനെ തുടർന്നാണ് 16 വിദ്യാർഥികളെ സസ്പെൻഡ് ചെയ്തത്. മാപ്പപേക്ഷ നല്‍കിയാല്‍ മാത്രമേ സസ്പെൻഷൻ പിൻവലിക്കാൻ സാധിക്കൂ എന്ന കടുത്ത നിലപാടിലായിരുന്നു സർവകലാശാല അധികൃതരും ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണും. എന്നാല്‍ മാപ്പപേക്ഷ നല്‍കില്ലെന്ന ഉറച്ച നിലപാടുമായി എസ്‌എഫ്‌ഐയും വിദ്യാർഥികളും സമരം തുടരുകയായിരുന്നു. നേരത്തെ വിദ്യാർഥികളെ പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നെങ്കിലും, സർവകലാശാലയുടെ അപ്പീലില്‍ ഡിവിഷൻ ബെഞ്ച് ഈ ഉത്തരവ് റദ്ദാക്കിയിരുന്നു. തുടർന്ന് വിദ്യാർഥികള്‍ സുപ്രീം കോടതിയെ സമീപിച്ചതോടെയാണ് കേസ് വീണ്ടും ഹൈക്കോടതിയുടെ പരിഗണനയ്ക്ക് എത്തിയതും ഇപ്പോള്‍ വിദ്യാർഥികള്‍ക്ക് അനുകൂലമായ വിധി ഉണ്ടായതും.

സതീശന്റെ പ്രതിഛായ ഭദ്രം, ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് ; എ ഗ്രൂപ്പും കെ.സി. പക്ഷവും അസ്വസ്ഥര്‍

തിരുവനന്തപുരം: അധികാരത്തിന്റെ ഇടനാഴികളില്‍ പുകഞ്ഞിരുന്ന അസ്വാരസ്യം പരസ്യമായ പോര്‍വിളികളിലേക്ക് തിരിഞ്ഞതോടെ കോണ്‍ഗ്രസിലും യു.ഡി.എഫ്. സര്‍ക്കാരിലും രാഷ്ട്രീയപ്രതിസന്ധി രൂക്ഷം. മുഖ്യമന്ത്രി വി.ഡി. സതീശനെതിരേ ഒരേസമയം പാര്‍ട്ടിയിലെ എ ഗ്രൂപ്പും കെ.സി. വേണുഗോപാല്‍ പക്ഷവും രംഗത്ത്. ഹൈക്കമാന്‍ഡിന്റെ ഇടപെടലിനാണ് ഇരുപക്ഷവും ശ്രമിക്കുന്നത്. അതേസമയം, മുഖ്യമന്ത്രി സതീശന്റെ പ്രതിഛായയ്ക്ക് ഒട്ടും മങ്ങലേറ്റിട്ടില്ലെന്നാണ് ഹൈക്കമാന്‍ഡ് നിയോഗിച്ച സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട്. എന്നാല്‍, സംസ്ഥാനത്ത് പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും പോക്ക് ശരിയല്ലെന്ന് ഡല്‍ഹിയിലെത്തിയ എ ഗ്രൂപ്പ് നേതാക്കളായ ബെന്നി ബെഹനാന്‍ എം.പി, കെ.സി. ജോസഫ്, ഷാഫി പറമ്പില്‍ എം.പി. എന്നിവര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ അറിയിക്കും. പാര്‍ട്ടി-സര്‍ക്കാര്‍-ഏകോപനം തകര്‍ന്നെന്നായിരിക്കും മുഖ്യപരാതി. ബോര്‍ഡ്, കോര്‍പറേഷന്‍, പി.എസ്.സി, ദേവസ്വം നിയമനങ്ങളിലും എ.ഐ.സി.സി. സെക്രട്ടറിമാരുടെ നിയമനത്തിലും എ ഗ്രൂപ്പിനെ തഴഞ്ഞെന്നാണ് നേതാക്കളുടെ ആരോപണം. പാര്‍ട്ടി സംവിധാനം നിശ്ചലമാണെന്നും പുതിയ കെ.പി.സി.സി. അധ്യക്ഷനെ ഉടന്‍ നിയമിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. നിയമനങ്ങള്‍ക്കായി മുതിര്‍ന്നനേതാക്കളുടെ സമിതി രൂപീകരിക്കണമെന്നാണ് എ ഗ്രൂപ്പ് നിര്‍ദേശം. ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്ന ശൈലി മുഖ്യമന്ത്രി സതീശന്‍ തിരുത്തണമെന്ന നിലപാടിലാണ് കെ.സി. വേണുഗോപാല്‍ പക്ഷം. പാര്‍ട്ടിയില്‍ എന്ത് തര്‍ക്കമുണ്ടായാലും വേണുഗോപാലിനെ അതിലേക്ക് വലിച്ചിഴയ്ക്കുന്നതിലും അനുയായികള്‍ക്ക് അമര്‍ഷമുണ്ട്. എന്നാല്‍, ഇപ്പോള്‍ നടക്കുന്നതെല്ലാം ആസൂത്രിത രാഷ്ട്രീയനീക്കങ്ങളാണെന്ന് സതീശന്‍ പക്ഷം കരുതുന്നു. മന്ത്രിസഭയില്‍പ്പോലും ചില തീരുമാനങ്ങള്‍ക്കെതിരേ എതിര്‍പ്പുകള്‍ ഉയര്‍ന്നത് അസ്വാഭാവികമാണെന്ന് അവര്‍ വിലയിരുത്തുന്നു. മുഖ്യമന്ത്രിയായശേഷം സതീശന്‍ പാര്‍ട്ടിയിലും ഭരണത്തിലും പിടിമുറുക്കിയതാണ് എ ഗ്രൂപ്പിനെ അസ്വസ്ഥമാക്കുന്നത്. കേന്ദ്രനേതൃത്വത്തെ കാണുമെന്നും വിഷയത്തില്‍ ഇടപെടണമോയെന്ന് എ.ഐ.സി.സിക്ക് തീരുമാനിക്കാമെന്നും കെ.പി.സി.സി. അധ്യക്ഷന്‍ സണ്ണി ജോസഫ് പ്രതികരിച്ചു. എ ഗ്രൂപ്പിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ എ.ഐ.സി.സി. നേതൃത്വം മുഖ്യമന്ത്രിയോടും കെപി.സി.സി. അധ്യക്ഷനോടും വിശദീകരണം തേടിയേക്കും. പാര്‍ട്ടി-സര്‍ക്കാര്‍ ബന്ധം സുഗമമാക്കാന്‍ ഹൈക്കമാന്‍ഡ് മുന്‍കൈയെടുത്ത് പുതിയ ഏകോപനസമിതി രൂപീകരിക്കാനുള്ള സാധ്യതയും തള്ളാനാവില്ല.

ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ്: തമന്നയെയും കാജല്‍ അഗര്‍വാളിനെയും ചോദ്യം ചെയ്യാന്‍ പുതുച്ചേരി പൊലീസ്

 2022 ല്‍ കോയമ്പത്തൂര്‍ ആസ്ഥാനമാക്കിയാണ് ക്രിപ്റ്റോകറന്‍സി കമ്പനി ആരംഭിക്കുന്നത്

ന്യൂഡല്‍ഹി: ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പു കേസില്‍ നടിമാരായ തമന്ന ഭാട്ടിയ, കാജല്‍ അഗര്‍വാള്‍ എന്നിവരെ ചോദ്യം ചെയ്യാന്‍ പുതുച്ചേരി പൊലീസ്. 60 കോടിയുടെ തട്ടിപ്പിലാണ് നടിമാരെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്. തട്ടിപ്പ് നടത്തിയ കമ്പനിയുമായി നടിമാര്‍ക്ക് ബന്ധമുണ്ടോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ നല്‍കിയ പരാതിയിലാണ് നടിമാരെ ചോദ്യം ചെയ്യുന്നത്.

2022 ല്‍ കോയമ്പത്തൂര്‍ ആസ്ഥാനമാക്കിയാണ് ക്രിപ്റ്റോകറന്‍സി കമ്പനി ആരംഭിക്കുന്നത്. നടി തമന്ന അടക്കമുള്ള സെലിബ്രിറ്റികള്‍ അതിഥികളായി ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തു. മഹാബലിപുരത്തെ ഒരു ഹോട്ടലില്‍ നടന്ന പരിപാടിയില്‍ നടി കാജല്‍ അഗര്‍വാളും പങ്കെടുത്തിരുന്നു. പിന്നീട്, മുംബൈയിലെ ഒരു ക്രൂയിസ് കപ്പലില്‍ പാര്‍ട്ടി നടത്തി, വലിയ തോതില്‍ നിക്ഷേപകരെ ആകര്‍ഷിച്ചു.

ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് പുതുച്ചേരിയില്‍ നിരവധി ആളുകളില്‍ നിന്നായി 3.4 കോടി രൂപയാണ് പ്രതികള്‍ പിരിച്ചെടുത്തത്. ഈ കേസില്‍ നിതീഷ് ജെയിന്‍ (36), അരവിന്ദ് കുമാര്‍ (40) എന്നീ രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. നിക്ഷേപകരുടെ വിശ്വാസം നേടുന്നതിനായി, തുടക്കത്തില്‍ ആഡംബര കാറുകള്‍ സമ്മാനമായി നല്‍കിയിരുന്നു.

തട്ടിപ്പുമായി ബന്ധപ്പെട്ട് ഡല്‍ഹി, ഒഡീഷ, മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കേരളം തുടങ്ങി നിരവധി സ്ഥലങ്ങളില്‍ കമ്പനിക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പുതുച്ചേരി സൈബര്‍ ക്രൈം എസ്പി ഡോ. ഭാസ്‌കരന്‍ പറഞ്ഞു. മൊത്തം 60 കോടി രൂപയുടെ തട്ടിപ്പ് നടന്നതായിട്ടാണ് വിലയിരുത്തലെന്നും പൊലീസ് സൂചിപ്പിക്കുന്നു.